.. ഒരു ചിന്നക്കഥ ശൊല്ലെട്ടുമാ???
ഏകദേശം രാത്രി പതിനൊന്ന് മണിയോടെയാണ് മംഗള എക്സ്പ്രസ് ഉടുപ്പി സ്റ്റേഷനിൽ എത്തിയത്. പുറകിലായിരുന്നു ബോഗി, അരണ്ട വെളിച്ചം ചാറ്റൽ മഴയും - പെട്ടെന്നിറങ്ങി. പൊതുവേ തിരക്ക് കൂടുതലാണ് അന്ന്. പെട്ടെന്ന് സ്റ്റേഷൻ മാസ്റ്ററുടെ അടുത്തെത്തണം. ആൾക്കാരുടെ ഇടയിൽ കൂടി വേഗം നടക്കുന്ന എന്റെ കൈയിൽ തണുത്ത ഒരുകൈ പിടുത്തമിട്ടു; മോനേ എന്ന നേർത്ത വിളിയും.
തിരിഞ്ഞു നോക്കുമ്പോൾ പത്തെഴുപത് വയസ്സ് പ്രായമുള്ള ഒരു അമ്മയയാണ്. വെളുത്ത് പൊക്കം കുറഞ്ഞ്, സെറ്റ് മുണ്ട് ധരിച്ചിട്ടുണ്ട്; കൈയിൽ വലിയ ബാഗും. കാൽ തെന്നിവീഴാൻ നോക്കുമ്പോൾ പിടിച്ചതാണ് എന്റെ കൈയിൽ!
അവർ സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തി ഞാൻ വേഗം നടന്നു.
ആസ്റ്റേഷനിലെ Retiring Room ഒന്നുസംഘടിപ്പിക്കണം; സ്റ്റേഷൻ മാസ്റ്റർ മുരുകേശനെ എനിക്കറിയാം. ആകെ നാല് റൂം മാത്രമേയുള്ളൂ അവിടെ - പെട്ടെന്ന് ചെന്നാൽ ഒരുപക്ഷേ കിട്ടിയേക്കാം. രണ്ടുമൂന്നുതവണ അവിടെ താമസിച്ചിട്ടുണ്ട്. മുരുകേശിനെ സന്തോഷിപ്പിക്കാതെ ഒരിക്കലും തിരികെ വന്നിട്ടില്ല. അതിനാൽ തരാൻ അയാൾക്കും താല്പര്യം ഉണ്ടാവും.
സ്റ്റേഷൻമാസ്റ്ററുടെ ക്യാബിൻ ലക്ഷ്യമാക്കി വേഗത്തിൽ തന്നെ നടന്നു.
രണ്ടുമൂന്നു മിനിറ്റ് കഴിഞ്ഞു മുരുകേശ് എത്തി; ഭാഗ്യത്തിന് ഒരു റൂം ബാക്കിയുണ്ട്. രജിസ്റ്റർ ഒപ്പുവെച്ച് കീയുംവാങ്ങി തിരിയുമ്പോൾ വീണ്ടും പുറകിൽ നിന്നും അതേ പതിഞ്ഞ സ്വരം, "ഞങ്ങൾക്കും ഒരു റൂം കിട്ടുമോ മോനേ??"
അതേ അമ്മയാണ് വീണ്ടും.
കൂടെ പുറകിലായി സുന്ദരിയായ ഒരു യുവതിയും ഏഴെട്ട് വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയുമുണ്ട്.
ആ അമ്മയുടെ മകളാണെന്ന് തോന്നുന്നു - യുവതി മുഖം കുനിച്ച് തറയിൽ നോക്കി, കൺ പീലിയിൽ മഴച്ചാറ്റൽ പറ്റി നിൽക്കുന്നു.
'ഇനി ഇവിടെ റൂം ഇല്ലല്ലോ അമ്മ' എന്ന് പറഞ്ഞപ്പോൾ അവർ എന്റെ കണ്ണിലേക്ക് ദയനീയമായി നോക്കി.
`ഇത്രേം ലേറ്റ് ആയിപ്പോയില്ലെ! മാഷ് നല്ലയാളാ, നിങ്ങൾ ഇവരെ കൂടെ അഡ്ജസ്റ്റ് ചെയ്തോളൂ` എന്ന് മുരുകേശ് ഇടക്ക് കേറി പറഞ്ഞത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല, എങ്കിലും അവനോട് മുഷിയണ്ട. എന്റെ പുറകെ അവരും ഒന്നാം നിലയിലേക്ക് വന്നു. ഞാൻ റൂം തുറന്നു "ഞാൻ പുറത്ത് വെയിറ്റിങ്ങ് റൂമിൽ പോയി ഇരുന്നോളാം, നിങ്ങൾ ഇവിടെ കിടന്നോളൂ". ഞാൻ പറഞ്ഞതുകേട്ട് അവർ "വേണ്ട, ഞങ്ങൾ ഇവിടെയെവിടെയെങ്കിലും അഡ്ജസ്റ്റ് ചെയ്യയ്തോളാം" എന്ന് പറഞ്ഞ്, വേഗം റൂമിലേക്കു കയറി.
ഞാനും ഉള്ളിൽ കയറി, സ്ഥിരം റൂം തന്നെയാണ് കിട്ടിയത്. ഒരു കട്ടിലിലെ ബെഡ്ഡ് വലിച്ച് താഴെ ഇട്ട് ഞാനെന്റെ ചെറിയ ബ്രീഫ്കേസ് സൈഡിൽ വച്ചു ഡ്രസ്സ് പോലും മാറാതെ അവിടെ നിന്നു. ക്ഷീണം എന്നിൽ ആളി കത്തി..
നിങ്ങൾ അവിടെ കിടന്നോളൂ എന്ന് പറഞ്ഞെങ്കിലും, ശരിക്കും മനസ്സിൽ ഞാനവരെ ശപിക്കുന്നുണ്ടായിരുന്നു. കൂടാതെ തുടരെയുള്ള മോനേ.. വിളിയും അസ്വസ്ഥമായിരുന്നു. ഒരു വേള എന്റെ മനസ്സിൽ പേടിയും കടന്നുകൂടി. ഞാൻ ട്രാപ്പിൽ പെട്ടതാണോ! ആരാണിവർ, എന്താണ് ഇവരുടെ ഉദ്ദേശം? ഇതിന്റെ പുറകിൽ എന്തെങ്കിലും ചതിയുണ്ടോകുമോ? എന്തൊക്കെയോ പ്ലാൻ ചെയ്തപോലെ! മുരുകേശൻ എവിടെ? ഒരുപാട് ചിന്തകൾ എന്റെ മനസ്സിൽ കേറി ഇറങ്ങി..
അങ്ങേ തലക്കെ കിട്ടിലിൽ സ്വന്തം മകനെ സാരിത്തലപ്പുകൊണ്ട് പുതപ്പിച്ച് ചേർത്തുപിടിച്ച് ആ യുവതി, കണ്ണുകൾ ചിമ്മി..
നടുക്ക് വെറും കട്ടിലിൽ ഒരു കാവൽ മാലാഖയെ പോലെ ആ അമ്മ നാമം ജപിച്ചിരിക്കുന്നു.
താഴെ ഞാനും.. നിസ്സഹായനായി..
മനസ്സ് ഓർമകളിലേക്ക് വഴുതി..
***
ലേറ്റ് ആയതുകൊണ്ട് മാത്രമാണ് അന്ന് മംഗള കിട്ടിയത്. ടിക്കറ്റ് എടുത്ത് പ്ലാറ്റ്ഫോമിൽ കയറിയതും വണ്ടി വന്നു. തൊട്ടുമുമ്പിൽ കണ്ട കമ്പാർട്ട്മെന്റിൽത്തന്നെ കയറി. വലിയ തിരക്കില്ലായിരുന്നു - വെന്റിലേഷനോടുചേർന്ന സീറ്റിലിരുന്നു. ചാറ്റൽ മഴയുണ്ട് പുറത്ത്, മഴത്തുള്ളികൾ ശരീരത്തിലേക്ക് തെറിച്ചു വീഴുമ്പോൾ കലങ്ങി മറിയുന്ന മനസ്സിന് ആശ്വാസമായി തോന്നി.
മറ്റുള്ളവർ രൂക്ഷമാക്കി നോക്കിയപ്പോൾ അത് വിന്റോഷട്ടർ അടക്കാനുള്ള സൂചനാണെന്ന് മനസ്സിലാക്കി - അതടച്ച് കണ്ണും പൂട്ടിയിരുന്നു.
പൊരിഞ്ഞ തർക്കം തന്നെ ആയിരുന്നു അന്ന് ഓഫീസിൽ ട്രെയിനിങ്ങിനിടെ.
ഡിസ്കഷൻ സബ്ജക്ട് Tuition to Intuition, Constructivism, Non-conscious Learning, etc..etc.
മണ്ണാങ്കട്ട ഒന്നും ശരിയായില്ല! എത്രകാലമായി ഇതൊക്കെ പറയുന്നു. ആര് കേൾക്കാൻ, ആരോട് പറയാൻ? ഞാൻ അടങ്ങി.
കാലം കഴിയുന്തോറും വിദ്യാഭ്യാസമേൻമ കീഴോട്ടാണ് കേരളത്തിൽ; പടവലങ്ങ പോലെ!
റിവ്യൂവിൽ പതിവുപോലെ മായടീച്ചർ പടവാളുമായി എണീറ്റു. ആരോ അവരുടെ ചെവിയിൽ പറഞ്ഞു, "അയാളുടെ മൂഡ് ശരിയല്ലെന്നു തോന്നുന്നു - ഇന്നയാളെ വെറുതേ വിട്ടേക്ക്.."
ഞാനോർത്തു, "പാവം.. ആത്മാർത്ഥത കൂടിയ കുഴപ്പമാണവൾക്ക്. കാലത്തിനൊത്തു വേഷം കെട്ടാനറിയാത്തവൾ!"
പൊരിഞ്ഞ ക്ലൈമാക്സിനൊരുങ്ങിയവർ നിരാശരായി നിന്നു.
ഞാനിന്ന് തളർന്നവനാണ്..
രാവിലെ പതിനൊന്നു മണിയോടെയാണ് പെങ്ങൾ വിളിക്കുന്നത് : ഹോസ്പിറ്റലിൽ നിന്നാണ്.
"ഏട്ടാ, ഇമോഷൻ ആവരുത് അമ്മയുടെ രോഗം കണ്ടെത്തി. Motor neurone disease (MND). അത്യപൂർവമായി മാത്രം കാണുന്നത്; ചികിത്സ ഇല്ലത്ര! ക്രമേണ സംസാരശേഷിയും ചലന ശേഷിയും നഷ്ടപ്പെടും. ഇന്നുതന്നെ വരണം. അച്ഛനോട് തൽക്കാലം ഇതു പറയേണ്ട!!!"
ആരോടും ഒന്നും പറഞ്ഞില്ല - മനസ്സിൽ ഒരു മരവിപ്പ്.
ഡ്യൂട്ടി സർട്ടിഫിക്കറ്റും മറ്റും കൊടുക്കാൻ ഞാൻ വിജയനെ ഏർപാടാക്കി.
ട്രെയിനിംഗ് തീർന്നതും ഒറ്റക്കുതിപ്പിൽ ഓട്ടോ വിളിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തി.
കിട്ടുന്ന വണ്ടിയിൽ മണിപ്പാൽ KMC യിൽ എത്തണം, അത് മാത്രമാണ് മനസ്സിൽ.
ഒന്നരമാസമായി അമ്മ അവിടെ ഹോസ്പിറ്റലിൽ ആണ്.
രോഗം അവർക്ക് കണ്ടെത്താനായില്ല. എല്ലായിടത്തേയും പോലെ ഊഹിച്ചു ചികിത്സ ഇല്ല അവിടെ.
രോഗം വ്യക്തമായാലേ ചികിത്സയുള്ളൂ..
ഏഴുമണിക്കേ ആശുപത്രിയിൽ പ്രാവശനമുള്ളൂ; രാത്രി എത്തിയിട്ട് ഒരു കാര്യവുമില്ല!
കുറച്ചുകാലമായി അമ്മയിൽ അസ്വസ്ഥത കാണുന്നുണ്ടായിരുന്നു.
ഒന്നും പിടി കിട്ടിയില്ല, ഒത്തിരി വഴക്കുപറഞ്ഞിട്ടുണ്ട് ഞാൻ
രണ്ടു മാസം മുൻപ് ഞാൻ കോഴിക്കോടുപോയപ്പോൾ "നാളയേ വരൂ" എന്നു പറഞ്ഞിരുന്നെങ്കിലും, ഉച്ചയ്ക്ക്ണ്ട് അമ്മ വിളിക്കുന്നു -> ഊണുകഴിക്കാൻ പോവാൻ.. നല്ല മത്സ്യക്കറി ഉണ്ടത്രേ!!!
അന്ന് ഞാൻ വല്ലാതെന്തോ പറഞ്ഞു അമ്മയെ; തിരിച്ച് ഒന്നും പറയാതെ കരഞ്ഞതേ ഉള്ളൂ പാവം..
ഈശ്വരാ ഞാനെന്തു പാപിയാണ്. ഒന്നും അറിഞ്ഞിരുന്നില്ലല്ലോ ഞാൻ!
***
ചിന്തകൾ തോരുന്നില്ല..
രാവിലെ നേരം നാലു മണി കഴിഞ്ഞതും ഞാനെണീറ്റ് പ്രാധമിക കർമ്മങ്ങൾ കഴിച്ച് കുളിച്ചെന്നു വരുത്തി.
നിങ്ങൾ സമയമെടുത്ത് റെഡിയായികൊള്ളൂ ഞാൻ പുറത്തു നിൽക്കാം. വാതിൽ കുറ്റി ഇട്ടേക് റെഡിയായിട്ട് തുറന്നാൽ മതി : ഞാനവരോട് പറഞ് പുറത്തിറങ്ങി, അതിലെ നടന്നു. ആറുമണിയോടെ തിരികെ വന്നപ്പോൾ അവർ റെഡിയായി വാതിൽ തുറന്നു വച്ചിരുന്നു.
ഞാൻ നാല് ചായക്ക് ഓർഡർ ചെയ്ത് റൂമിലേക്ക് കയറി. അവർ പോകാൻ റെഡിയായിരിക്കുന്നു - വളരെ നല്ല വേഷം.
ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ മകൾ ചോദിച്ചു "സാറിന് ബിസിനസ് ആണോ?"
അവർ ആകെ ചോദിച്ച ഒരേയൊരു വാക്ക്യം!
"അതെ"എന്ന അലസമായ മറുപടിയിൽ ഒതുക്കി ഞാൻ ഗ്ലാസ് വാങ്ങി.
ആ അമ്മ സംസാരിച്ചു കൊണ്ടേ ഇരുന്നു..
ആലപ്പുഴയിലാണത്രെ വീട്. സ്ഥലം പറഞ്ഞിരുന്നു, പക്ഷെ ഞാൻ മറന്നു.. അല്ലെ ശരിയായി ശ്രെദ്ധിച്ചില്ല.
ഒറ്റ മോളാണിവൾ; ഹൈസ്കൂളിൽ സയൻസ് ടീച്ചർ.
ഭർത്താവ് വിദേശത്താണ്, നല്ല കമ്പനിയിൽ ജോലി.
നല്ല ചുറ്റുപാടുകളായിരുന്നു കഴിഞ്ഞ മാസ്സം വരെ!
ഇതിനിടെ ജോത്സ്യനെ കാണേണ്ട ഒരു കാര്യമുണ്ടായിരുന്നു. അത് നടന്നു.
കൂടത്തിൽ മോളുടെ മകൻ 18 വയസിൻ മരിക്കുമെന്നും അയാൾ പറഞ്ഞത്രേ.
ഭർത്താവിനോട് പറഞ്ഞില്ല മോള്.
പറഞ്ഞിട്ട് കാര്യമില്ല, അവനിതിലൊന്നും വിശ്വാസം ഉള്ളതായി തോന്നിയിട്ടില്ല.
ദേഷ്യപ്പെടും, വെറുതെ എന്തിനാ..
ദോഷപരിഹാരത്തിനായി ഒരുപാട് ക്ഷേത്രങ്ങളിൽ പോയി.
ഇവിടെ ഉടുപ്പി ശ്രീകൃഷ്ണനെ കാണാൻ വന്നതാണ്.
പിന്നെ മൂകാംബികയിൽ പോകണം.
ഇനിയും ഒരുപാട് ബാക്കിയുണ്ട്.. "എന്റെ കുട്ടിക്ക് ഒരാപത്തും വരുത്തല്ലേ കൃഷ്ണാ.."
എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല.
"ഒന്നും വരില്ല നിങ്ങൾ സമാധാനിക്കൂ -
ജോത്സ്യനല്ല നമ്മുടെ ആയുസ് നിർണ്ണയിക്കുന്നത് -
ഈ കാലത്തും ഇങ്ങനെയോ?????"
എന്തൊക്കയോ ഞാൻ പറഞ്ഞു, നെടുവീർപ്പിട്ടു!
ഒന്നും ഏശിയില്ല എന്ന് അവരുടെ മുഖം കണ്ടാലറിയാം.
ജോത്സ്യൻപറയുന്നത് ഇതുവരെ അച്ചട്ട് ആയിരുന്നത്രേ..
ഓട്ടോയിൽ കയറ്റി വിടുമ്പോൾ അവർ നമ്പർ ചോദിച്ചു.
പറഞ്ഞത് അപ്പോൾ തന്നെ മകൾ ഫോണിൽ അടിച്ചിട്ടു.
ഇടക്കിടക്ക് വിളിക്കുമായിരുന്നു ദേവകിയമ്മ, കാര്യങ്ങൾ സംസാരിക്കും, പുതിയ അമ്പലങ്ങളും വഴിപാടുകളും പറയും
കുട്ടിക്ക് കുഴപ്പമില്ലെന്ന് പറയുംബോളും ഓരോ വാക്കിലും അവരുടെ പേടി നിഴലിച്ചിരുന്നു.
എന്റെ അമ്മയുടെ കാര്യംവും ചോദിക്കും.
മാസങ്ങൾ കടന്നുപോയി
എന്റെ അമ്മയുടെ അസുഖം കൂടി. വല്ലാത്ത അവസ്ഥയിലായി ഞങ്ങൾ.
മറ്റൊന്നും ശ്രദ്ധിക്കാൻ മനസ്സ് സമ്മതിച്ചില്ല.
മാസങ്ങൾ കഴിഞ്ഞപ്പോൾ അവർ വിളിക്കാതെയായി
എങ്ങനെയോ ഫോണും നമ്പറും പോയി എന്റെകയ്യിൽ നിന്നും
അവരെ കോൺടാക്ട് ചെയ്യാൻ പറ്റാതെയായി
പത്തു പതിനാറ് വർഷങ്ങൾ കഴിഞ്ഞു .
ആ മോൻ മിടുക്കനായി വളർന്നിട്ടുണ്ടാകും, ഇല്ലേ?
അന്ധവിശ്വാസങ്ങൾക്കെതിരെ അവന്റെയുള്ളിൽ പടയൊരുങ്ങുന്നുണ്ടാവണം, ഇല്ലേ?
അതോ അവന്റെ മനസ്സും നമുക്ക് നഷ്ടം വന്നോ???
പിന്നെ, അവന്റെ മുത്തശ്ശിയോ?
സത്യത്തിൽ അവരെയൊക്കെ കാണണമെന്നും അറിയണമെന്നുമുണ്ട്
ആ മോന്റെ ഫോൺകോൾ എന്ന് വരും..
പ്രതീക്ഷയോടെ..
NB : ഇപ്പോളിത് ഓർക്കാൻ കാരണം സമാനമായ ഒരു അന്ധവിശ്വാസവും ദുരന്തവും ഈ അടുത്ത് കാണാനിടയായി. മനുഷ്യൻ യഥാർത്ഥത്തിൽ എന്താണ് തേടുന്നത്? എന്താണ് നേടുന്നത്? ചെറുതാണെങ്കിലും ജീവിതം മധുരമുള്ളതാവട്ടെ..
Author: MO Chandrasekharan (MOC)
Editor: Vivek KC
Date: 24/June/2024.