രണ്ടായിരാമാണ്ടിന്റെ തുടക്കം.
കല്യാശേരി മോഡൽ പോളിടെക്‌നിക്കിൽ telecommunication'ന് പഠിക്കുന്ന കാലം.
ദയാനന്ദേട്ടൻ സോബിനെ ലളിതഗാനമൽസരത്തിന് പഠിപ്പിക്കുന്നു -
കുളിരൂറും.. (അങ്ങനെയല്ലാ)
കുളി..രൂ..റും..
കൗ..മാര..
വടകര പ്രേംകുമാറിന്റെ ഗ്രാമ'സംഗീതം കാതുകളിൽ മായാതെ കൂടിയിട്ട് 25'വർഷമാകുന്നു..
സോബിൻ ഞങ്ങളുടെ ഭാവഗായകനായിരുന്നു.
കുളി..രൂ..റും.. കൗമാര.. സ്വപ്..നം..
പിറകിലെ നാലാമത്തെ ബെഞ്ചിലിരുന്ന് ഞാൻ കണ്ണുകൾ പതുക്കെ അടച്ചു.
മലപ്പട്ടം - അമ്മ കളിച്ചുവളർന്ന നാട്.
പുഴയും, വയലുകളും, വെള്ളാംകൊച്ചയും ഒക്കെയുള്ള എന്റെ പ്രിയ ഗ്രാമം -
അവിടേക്ക് ഒരു കാരണം കാത്തുകഴിയുന്ന സ്വന്തം കുഞ്ഞു മനസ്സിനെ ഞാനോർത്തു..
അന്നൊക്കെ കുറെ നടന്നാണ് പോകാറ് - എല്ലാരും. ബസ്സില്ല, മോശം റോഡ്.
പിന്നെ പാവന്നൂർ കടവിൽ തോണിയിൽ പോകണം - അക്കരെ മയ്യിൽ ഭാഗത്ത്.
കൊച്ചുമോനെയും ചേർത്ത്പിടിച്ച് അപ്പാപ്പൻ(അമ്മയുടെ അച്ഛൻ) തോണിക്കാരനോട് കുശലം പറയുന്നു -
നല്ല കോളുണ്ടല്ലോടോ, മഴപെയ്യോ.. അപ്പാപ്പൻ വിഷവൈദ്യനാണ് - വൈദ്യശിരോമണി KP നാരായണൻ നമ്പ്യാർ.
കരയടുക്കാറായപ്പോൾ മോന് ആവേശം കൂടി.. പുഴയുടെ ആഴങ്ങളവനെ കൊതിച്ചു, തീർച്ച!
താഴേക്കവൻ ഊർന്ന് വീണു.. തോണിയുടെ വക്കിൽ.. പിടികിട്ടി! -
ബലിഷ്ടങ്ങളായ കരങ്ങൾ അവനെ വലിച്ചുകയറ്റി - അഞ്ചു വയസ്സുകാരൻ കരയുന്നു.
കുറച്ചു വെള്ളം കുടിച്ചു, സാരമില്ല പോട്ടെ അമ്മ ആശ്വസിപ്പിച്ചു.
ഇവനെ നീന്തൽ പഠിപ്പിക്കണം - ചേട്ടന്മാരും ചേച്ചിമാരും ഉറച്ചു.
നടുവിൽ തൃക്കോവിൽ ക്ഷേത്രക്കുളം, ആഴം കുറവാണ്.. കഷ്ടി ഒരാളായം.
"കുളം കലക്കി", കുഞ്ഞിരാമന്റെ മോൻ വിവേകല്ലേ,
ആ.. ഓൻ തന്നെ - ആ കറത്തചെക്കൻ!
അലക്കാൻ വന്ന പത്മാവതിയേച്ചി ഉറക്കെ പറയുന്നു.
ചെക്കനും പിള്ളറും രാവിലെമുതൽ തിമർക്കും - തലതൊട്ടുകളി, ഭയങ്കര മൽസരം തന്നെ'പാ.
നിർത്തി എച്ചീ..
കണ്ണ് കലങ്ങി വീട്ടിലെത്തുമ്പോൾ അമ്മ ദേഷ്യപ്പെടും -
എന്ത്രനേരമായി??? നനഞ്ഞ ട്രൗസർ മാറ്റി ഞാനോടും..
ഈവർഷം നമുക്ക് കുട്ടികളെ മൽസരിപ്പിച്ചാലോ?
സബ്-district നീന്തൽ മൽസരം, വേദി പയ്യന്നൂർ.
മനു, ലൈജു, രജീഷ് - ഞങ്ങൾ നാലുപേർ.
ശ്രീകുമാരൻ സാറും ജോർജ് സാറും ഞങ്ങളെയും കൂട്ടി -
അവിടെ അമ്പലക്കുളത്തിലേക്ക് പോകും.. നട്ടുച്ചക്ക്.
ക്ലാസ്സിൽ പോകാതെ ഇങ്ങനെ നടക്കാൻ നല്ലരസം -
അല്ലെങ്കിലും പഠിക്കാനിഷ്ടമില്ലായിരുന്നു.
ഫ്രീ സ്റ്റൈൽ, ബാക്ക് സ്ട്രോക്ക്, ബട്ടർഫ്‌ളൈസ്.. എല്ലാം പയറ്റി..
തിരിച്ചുവന്നത് സർട്ടിഫിക്കറ്റും കൊണ്ട്, റിലേക്ക് third-place കിട്ടി.
സ്കൂളിലെ അസംബ്ലിയിലെ അഭിമാനമായി ഞങ്ങൾ -
എടാ നമ്മൾക്ക് ഫസ്റ്റ് പിടിക്കണം ഇനി, എല്ലാരും ഉഷാറായി.
വീട്ടിലെത്തി - അച്ഛനും അമ്മയ്യും കാത്തിരിക്കുന്നു
സർട്ടിഫിക്കറ്റ് വാങ്ങി നോക്കി - രണ്ടാൾക്കും സന്തോഷം തന്നെ.
ഇനി എന്നെ നോക്കണ്ടമ്മേ.. കുളത്തിലുണ്ടാവും - ഞാനോടി..
അമ്മയുടെ കണ്ണിരുണ്ടത് ശ്രദ്ധിച്ചില്ല.
വൈകിട്ട് തിരിച്ചുവന്നപ്പോൾ നല്ല ചൂടുള്ള കാപ്പിയും പുഴുക്കും ഉണ്ടാക്കിവച്ചിട്ടുണ്ട് -
ഞാൻ ആർത്തിയോടെ വാരി..
വായിലൂടെ ആവിപറക്കുന്നു.
അരികിലായി വന്നിരുന്നു, അമ്മ -
മോനെ! സ്നേഹത്തോടെ തലോടി..
ഓ..
നമുക്കിത് വേണ്ടമോനെ..
എന്ത്? കണ്ണുതുടയ്ക്കുന്നു.
വെള്ളവും, വണ്ടിയും നിനക്ക് വേണ്ടെന്ന് ജ്യോത്സൻമ്മാർ പറഞ്ഞിട്ടുണ്ട്!
ഒരു സമാധാനവും ഇല്ല. പേടിയാകുന്നു, നിന്റെ ഓട്ടം കണ്ടിട്ട്..
ആറുവർഷം കണ്ണീരോടെ കാത്തിരുന്ന് കിട്ടിയമോനാണ് -
വഴിപാടുകൾ കൊറേയുണ്ട് ബാക്കി, നിനക്ക് 18'ങ്കിലും തികയണം.
കാർമേഘങ്ങൾ മൂടി, തുലാവർഷം തിമിർത്ത്പെയ്യുന്നുണ്ട്.
ക്ലാസ്സ് മുറിയിലെ desk'ൽ മുഖമുയർത്തിഞാൻ നീണ്ടു കിടക്കുന്നു.
ഉച്ചസമയം, ഇവനെന്താപ്പാ വട്ടായാ.. വീട്ടിൽ പോയില്ലേ കഴിക്കാൻ.
പെൺകുട്ടികൾ ആരൊക്കെയോ - ചിരിക്കുന്നു, ഉറക്കെ വർത്താനം പറയുന്നു.
ഇന്നാരാ ഫസ്റ്റ് നീന്തലിൽ - ദിവ്യ ചോദിച്ചു. "മനു" - ഞാൻ കണ്ണുതുറന്നില്ല.
ഇവനല്ലെങ്കിലും നാണം കുണുങ്ങിയല്ലേ! ശബ്ദം അകന്നുപോയി..
കണ്ണീർചാലുകൾ വറ്റിയതൊന്നും ആരും അറിഞ്ഞില്ല.
നീന്തലേ നിന്നെ മറക്കാൻ ഞാൻ പഠിച്ചു.. ഇനിയെന്ത്?
ഞാൻ മതിയോ? സയൻസ് പുസ്തകം അരികിലിരുന്നു.
കണക്കുകൾ തെറ്റിയവനാണ് - മതി, നീമതിയിനി സയൻസേ..
കഴിഞ്ഞ ദിവസ്സം ആറന്മുള പാർത്ഥസാരഥി അമ്പലത്തിൽപോയി
വള്ളസദ്യ കഴിച്ച്, തെക്കേമുറി കരക്കാരുടെ കൂടെ പള്ളിയോടം തുഴഞ്ഞു..
പുഴയിലേക്ക്‌ചാടി, പഴയ കുളം കലക്കി'ക്കുട്ടിയായി.
പണ്ടൊരിക്കൽ തിരികെത്തന്ന ജീവൻ തുടിച്ചു -
ഒഴുക്കിനെതിരെ കുറച്ചുദൂരം നീന്തി.. ലോകം കീഴടക്കിയൊരു നിർവൃതി.
അതെ, ലോകം നമ്മുടെയൊക്കെ മനസ്സിന്റെ ഉള്ളിലാണ്!
വിജയീ ഭവ:
-
വിവേക് കെ. സി
18/July/2025.
No comments:
Post a Comment